su_word

ramanunni,sujanika teacher

തികഞ്ഞ പ്രൊഫഷണലുകളാവുക!

with one comment

പുതിയ പാഠപുസ്തകങ്ങളും പുതുവർഷത്തേക്കുള്ള അധ്യാപക പരിശീലനവും തുടങ്ങുകയായി. ദീർഘമായ പരിശീലനങ്ങളും ക്ലസ്റ്ററുകളും എല്ലാം തന്നെ അധ്യാപകരെ ക്ലാസ്‌മുറിയിൽ മികച്ച പ്രവർത്തകരാക്കാൻ തന്നെയാണ്. പരിശീലനങ്ങളിലൂടെ തികഞ്ഞ പ്രൊഫഷണലുകളാകാൻ എല്ലാവർക്കും കഴിയേണ്ടതുണ്ട്. ആർക്കും എന്തും ‘പഠിപ്പിക്കാം’ എന്ന പൊതു ബോധം തിരുത്താനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം ഈ അഭ്യാസങ്ങളിലൂടെ.

 • അധ്യാപകന്റെ സ്ഥാനം (സമൂഹത്തിലും സ്കൂളിലും) കൃത്യമായി നിശ്ചയിക്കണം
 • മികച്ച പരിശീലനം മികച്ച അധ്യാപകനെ രൂപപ്പെടുത്തുന്നു
 • കരിക്കുലം, സിലബസ്, പാഠപുസ്തകം എന്നിവയിൽ ആഴത്തിലുള്ള അറിവ് ഉണ്ടാക്കിയെടുക്കണം
 • ബോധന ശാസ്ത്രം, ബോധന രീതികൾ, തന്ത്രങ്ങൾ എന്നിവയിൽ ആധികാരികമായ നൈപുണികൾ നേടണം
 • ബോധനം, മൂല്യനിർണ്ണയനം, ദിശാനിർണ്ണയം, പരിഹാരബോധനം എന്നിവയിൽ കൃത്യത കൈവരിക്കണം
 • പാഠ്യവസ്തു സൂക്ഷ്മമായി വിശകലനം ചെയ്യാനും ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഉയർന്ന കഴിവ് നേടണം
 • ഭിന്ന നിലവാരക്കാരായ കുട്ടികളെ പരിഗണിക്കാനും പ്രവർത്തനങ്ങൾ നലകാനും വേണ്ട കെൽ‌പ്പ് ഉണ്ടാവണം
 • പാഠ്യവസ്തു, കരിക്കുലം ആവശ്യപ്പെടുന്നആഴത്തിലും പരപ്പിലും വിദ്യാർഥിയിലെത്താൻ വേണ്ട പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം ഉണ്ടാക്കിയെടുക്കണം
 • സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം എന്നിവയിൽ പ്രഗത്ഭമായ എഞ്ചിനീയറിങ്ങ് ചെയ്യാനാവണം
 •  പഠനത്തിലേക്ക് കുട്ടിയെ നയിക്കാനുള്ള കൃത്യത ഓരോ വാക്കിലും പ്രവൃത്തിയിലും ആവിഷ്കരിക്കണം
 • ഉൽ‌പ്പന്നങ്ങളുടെ മൂല്യനിർണ്ണയം സംബന്ധിച്ച് കണിശത ഉണ്ടാക്കാൻ കഴിയണം
 • സ്വയം പഠിക്കാനും അധ്യാപനത്തിൽ മികവ് പുലർത്താനും വേണ്ട ഉൾപ്രേരണ സൃഷ്ടിക്കണം
 • തന്റെ മേഖലയിൽ തന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടാൻ ഒരിക്കലും സാഹചര്യമുണ്ടാക്കരുത്
 • തന്റെ സ്ഥാപനത്തിൽ തന്റെ അനിവാര്യത കുട്ടികളുടെ / രക്ഷിതാക്കളുടെപിൻബലത്തിലാവണം നിർണ്ണയിക്കേണ്ടത്
 • ജനാധിപത്യസംസ്കാരം ഉടനീളം നിലനിർത്തണം
Advertisements

Written by su_word

May 8, 2011 at 9:33 am

Posted in Published, sujanika

പരീക്ഷയറിഞ്ഞ് പഠനം

leave a comment »

മെയ് മാസമാകുന്നതോടെ സ്കൂളുകളിൽ അടുത്തവർഷ പഠനപരിപാടികൾ ആരംഭിക്കുകയായി. സവിശേഷമായും എസ്.എസ്.എൽ.സി.ക്ലാസുകൾ മെയ് ആദ്യദിവസങ്ങളിൽ തുടങ്ങും. പുതിയ പുസ്തകങ്ങൾ ലഭ്യമാകാനുള്ള താമസം, അതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും ക്ലാസുകൾ ആരംഭിക്കും എന്നു തന്നെ കരുതാം.അടുത്ത നവംബർ-ഡിസംബർ കാലത്തേക്ക് പോർഷ്യൻ തീരാനുള്ള ഒരുക്കമെന്ന നിലയിൽ. പിന്നെ പരീക്ഷ ലാക്കായിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നും. സ്വാഭാവികമായും കഴിഞ്ഞപല വർഷങ്ങളിലായി നടന്ന പരിപാടികളുടെ തുടർച്ച.

എസ്.എസ്.എൽ.സി.കുട്ടികൾക്കെങ്കിലും രണ്ടു രീതികളിലുള്ള പഠനപ്രവർത്തനങ്ങൾ ഒരു വർഷകാലയളവിൽ  ചെയ്യേണ്ടിവരുന്നു എന്നു കാണാം. മെയ് മാസത്തിൽ ഒന്നു, ജൂണ്മുതൽ നവംബർ വരെ മറ്റൊന്ന്, വീണ്ടും മാർച്ച് പരീക്ഷവരെ മെയ് മാസത്തുടർച്ച. ജൂൺ മുതൽ നവംബർവരെ യുള്ള പഠനം മുഴുവൻ പുതിയ പഠനരീതികൾ അവലംബിച്ചുള്ളതാണെങ്കിലും ബാക്കിയുള്ളത് അങ്ങനെയായിരിക്കണമെന്നില്ല. മെയ് മാസത്തിൽ പാഠം തീർക്കലും നവംബർ മുതൽ പരീക്ഷക്കൊരുക്കലുമാണ്. പരീക്ഷയും അതിലെ വിജയവും പല കാരണങ്ങൾ കൊണ്ടും നിർബന്ധമാണെന്നതിനാൽ ഇതൊക്കെയും എല്ലാരും മൌനമായി അനുവദിക്കയും ചെയ്യുന്നു. ഇതിനെ സർവാത്മനാ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങൾ പരീക്ഷയിലും ഉണ്ടല്ലോ.

എസ്.എസ്.എൽ.സി പരീക്ഷ ചോദ്യപ്പേപ്പർ അവലോകനങ്ങൾ, എസ്.എസ്.എൽ.സി മൂല്യനിർണ്ണയന അനുഭവങ്ങൾ എന്നിവയൊക്കെ ഊന്നിപ്പറയുന്ന ഒരു സംഗതി, പഠനവും പരീക്ഷയും ഒരു തരത്തിലും സമരസപ്പെട്ടുപോകുന്നില്ല എന്നാണല്ലോ. എസ്.എസ്.എൽ.സി ക്ക് മാത്രമല്ല 8 ലും 9 ലും ഇതു തന്നെയാണ് അനുഭവം. പ്രവർത്തനങ്ങളിൽ അധിഷ്ഠിതമായ , സർഗ്ഗാത്മകമായ, സ്വതന്ത്രമായ, ജനാധിപത്യപരമായ പുതിയ പഠന പ്രവർത്തനങ്ങൾ ക്ലാസ് മുറിയിൽ നിലകൊള്ളുമ്പോൾ ഒരു പ്രവർത്തനവും (എഴുതുക എന്ന പ്രവർത്തനം ഉണ്ട്!) ആവശ്യപ്പെടത്ത- സർഗ്ഗത്മകതക്ക് ഒരു സാധ്യതയും നൽകാത്ത (ആവശ്യമായ സമയം, അധിക പ്രവർത്തന സാമഗ്രികൾ എന്നിവ)-സമയബന്ധനം കൊണ്ട് ഞെരുക്കുന്ന ഒരിടമാവുകയാണ് പരീക്ഷാമുറി. ഈ വൈരുധ്യം പഠനത്തേയും പരീക്ഷയേയും ഭിന്ന ധ്രുവങ്ങളിലാക്കുന്നു. നിരന്തരമൂല്യനിർണ്ണയോപാധികൾ എത്രതന്നെ ദുർബലമാണെങ്കിലും അവ പഠന സമീപനത്തേയും പരിസരത്തെയും ശാസ്ത്രീയമായി പിന്തുടരുന്നുണ്ട്. എഴുത്തുപരീക്ഷകൾ ഒക്കെത്തന്നെ നാമമാത്ര സന്ദർഭങ്ങളിലൊഴിച്ച് സമീപനത്തിന്നും രീതികൾക്കും എതിരാവുകയും ചെയ്യുന്നു.ഈ ഒരു യാഥാർഥ്യത്തിലൂന്നിക്കൊണ്ടാണ് അധ്യാപകർ മെയ് മാസം മുതലേ പ്രവർത്തിക്കുന്നതു എന്നും കാണാം. ആത്യന്തികമായി പരീക്ഷയാണല്ലോ സ്കൂളിന്റെ മുന്നിൽ നിലനിൽക്കുന്നത്!പരീക്ഷയെങ്ങനെയാണോ അതിനനുസരിച്ചായിരിക്കും പഠനം: പഠനത്തിന്നനുസരിച്ച് പരീക്ഷ സാധിക്കാൻ സന്ദർഭങ്ങളുണ്ടാകുന്നതു വരെ.

Written by su_word

May 7, 2011 at 11:18 am

Posted in Published, sujanika

Tagged with , ,

Take Care my students

leave a comment »

14-03-2011. എസ്.എസ്.എൽ.സി.പരീക്ഷ ആരംഭിക്കുന്നു.രാവിലെ 9 മണിക്ക് തന്നെ കുട്ടികളെല്ലാം സ്കൂളിൽ എത്തിയിട്ടുണ്ട്.നേരത്തെ പറഞ്ഞുറപ്പിച്ചതാണ്. പരീക്ഷ 1.30 നു മാത്രമേ തുടങ്ങൂ. അധ്യാപകരെല്ലാം നേരത്തെ എത്തി. കുട്ടികൾ ചെറിയ തോതിൽ ആകാംഷയിൽ തന്നെ. ഓരോ മാഷമ്മാരും ടീച്ചർമാരും വളരെ സ്നേഹപൂർവം 8-10 കുട്ടികളെ വിളിച്ച് ഒരിടത്ത് ഒന്നിച്ചിരുത്തി. ഭക്ഷണം കഴിച്ചോ/ ഇന്നലെ എപ്പോഴാ കിടന്നത്/ ഒക്കെ നോക്കിയോ…ഒരൽ‌പ്പം കുശലം. കുട്ടികളുടെ ടെൻഷൻ അൽ‌പ്പമൊന്നയഞ്ഞു. ശരി…ഒരാവർത്തികൂടി ഒക്കെ ഒന്നു നോക്കുക…എന്തെങ്കിലും സഹായം വേണമെങ്കിൽ പറയിൻ….അധ്യാപിക.

കുട്ടികൾ ഒറ്റക്കും കൂട്ടായും പിന്നെ പരീക്ഷക്ക് തയ്യാറെടുപ്പു തന്നെ. ചിലർ ചില സംശയങ്ങൾ ചോദിച്ചു. അധ്യപിക (മറ്റുള്ളവരുമായി ബന്ധപ്പെട്ട്) സംശയങ്ങൾക്ക് മറുപടി ഉണ്ടാക്കി. അതിനിടക്ക് ചയ-ബിസ്കറ്റ് വന്നു. കുട്ടികൾ ഇരുന്നും നിന്നും നടന്നും പാഠഭാഗങ്ങളിൽ തന്നെ. ഇടയ്ക്ക് അധ്യാപിക ചില കാര്യങ്ങൽ ഓർമ്മിപ്പിക്കുന്നു. പരീക്ഷക്ക് വേണ്ട സാമഗ്രികൾ/ ഹാൾടിക്കറ്റ്/ കുടിവെള്ളം/

ചില പാഠഭാഗങ്ങൾ (നേരത്തെ തയ്യാറാക്കിയ കുറിപ്പുകൾ വെച്ച്) ഒന്നു കൂടി ശ്രദ്ധിക്കാൻ നിർദ്ദേശിക്കുന്നു. കുട്ടികൾ ഒരു വട്ടം കൂടി എല്ലാം നോക്കുന്നു. സംശയങ്ങൾ ചോദിക്കുന്നു.

ഇടക്ക് ഒരൽ‌പ്പം ഓഫ് ടോപ്പിക്: ജയിച്ചാൽ എന്താ പരിപാടി? ഏതിനാ ചേരുക…സാധ്യതകൾ വിവരിക്കുന്നു.അതിനിപ്പോ നന്നായി ശ്രദ്ധിക്കണം. കുട്ടികൾ വിജയം സ്വയം ഉറപ്പാക്കുന്നു.

ഉച്ച. 12.30: ഭക്ഷണം റഡി. അറിയിപ്പ് വന്നു. അധ്യാപകരും കുട്ടികളും (ചെറുഗ്രൂപ്പുകൾ) ഒന്നിച്ച് ഭക്ഷണത്തിന്ന്. ഒന്നിച്ചിരുന്ന് ഉണ്ടു. വർത്തമാനം പരീക്ഷാ സംബന്ധമായ കാര്യങ്ങൾ തന്നെ. ടെൻഷനടിച്ചിരിക്കുന്ന കുട്ടികളെ പ്രത്യേകമായി ശ്രദ്ധിക്കുന്ന ടീച്ചർ അവരെ ഉഷാറാക്കുന്നു. ചെറിയ തമാശകൾ…ചിരികൾ…

വീണ്ടും പഴയ പഠനഗ്രൂപുകൾ കൂടിയിരിക്കുന്നു. 1.30 നു ഫസ്റ്റ് ബെല്ല്. അധ്യാപിക തന്റെ 8-10 കുട്ടികളേയും കൂട്ടി പരീക്ഷാ ഹാളിലേക്ക് . സീറ്റുകളിൽ ഇരുത്തി. പരീക്ഷാ സാമഗ്രികളൊക്കെ ഒരുക്കി ക്കൊടുത്തു. പരീക്ഷക്കുള്ള മാഷ് വരുന്നതുവരെ കുട്ടികളുടെ സൌകര്യങ്ങൾ ശ്രദ്ധിച്ചു. മാഷ് വന്നപ്പോൾ എല്ലാവരും വിഷ് ചെയ്തു. കുട്ടികൾക്കെല്ലാം കൈകൊടുത്ത് പുറത്ത് തട്ടി നന്നായി ചെയ്യണേ…എന്ന് സൂചിപ്പിച്ച് ഹാളിൽ നിന്നിറങ്ങി.

പരീക്ഷ കഴിഞ്ഞുള്ള ബെല്ല്: കുട്ടികൾ പുറത്തിറങ്ങുമ്പോൾ അധ്യാപിക വാതിൽക്കൽ. എല്ലാവരേയും പുറത്ത് തട്ടി സന്തോഷം പങ്കിടുന്നു. ഒരിടത്ത് ഒരൽ‌പ്പനേരം ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ പരീക്ഷയെ കുറിച്ചിനി ചർച്ചയില്ല. നാളത്തെ പരീക്ഷക്കുവേണ്ട തയ്യാറേടുപ്പിന്നായി പരസ്പരം ആശംസകൾ നേർന്ന് പിരിഞ്ഞു.

(നാളെ-14-3-11 മുതൽ എന്റെ സ്കൂളിൽ നടക്കാൻ പോകുന്നത് ‘Take Care-my students’)

Written by su_word

May 7, 2011 at 11:16 am

Posted in Published, sujanika

Tagged with , ,

ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്യരുത്

leave a comment »

വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ 10-4-2011 നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എൽ.സി കുട്ടി ‘കുട്ടി’ തന്നെയാണ്. കിട്ടിയ ഹാൾടിക്കറ്റ് വായിച്ചുനോക്കുന്നവർ വളരെ വളരെ കുറവാണല്ലോ. അതിൽ ആദ്യഭാഗത്ത് ചേർത്തിരിക്കുന്ന വിശദാംശങ്ങൾ പോലും നേരേ ചൊവ്വെ നോക്കുന്നവർ ഇല്ല. ആകെ ശ്രദ്ധിച്ചു നോക്കുന്നത് റജിസ്റ്റർ നമ്പർ മാത്രം. പിന്നെ കുനുകുനെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയതൊക്കെ അവിടെ കിടക്കും. ക്ലാസിൽ വെച്ചു പരീക്ഷയെകുറിച്ചുള്ള ഒരുക്കങ്ങളിൽ അധ്യാപകർ പറഞ്ഞുകൊടുത്ത ചില സംഗതികൾ മാത്രം മനസിൽ ഉണ്ട്. അതു മാത്രം.

എന്റെ സ്കൂളിൽ  04-04-2011 നു ഒരു മുഴുവൻ ദിവസ പഠനപ്രവർത്തനമായി ഹാൾടിക്കറ്റ് വിതരണം നടന്നു. ഹൾടിക്കറ്റ് പോലും ഒരു പഠനോപകരണമാക്കാൻ അധ്യാപകർ ശ്രദ്ധിച്ചതിന്റെ ഗുണം കുട്ടിക്ക് തീർച്ചയായും ഉണ്ടാവും എന്നു കരുതുന്നു. പ്രധാനമായും മലയാളം, ഇംഗ്ലീഷ് ഭാഷാ പഠനത്തിന്നായി ഹാൾടിക്കറ്റ് പ്രയോജനപ്പെടുത്താം. നേരിട്ടുള്ള വായനയും ഉള്ളടക്കം മനസ്സിലാക്കലും അധ്യാപകന്റെ സാന്നിധ്യത്തിലാവുമ്പോൾ കുറേകൂടി പ്രയോജനപ്പെടുന്നുണ്ട്. മാത്രമല്ല ഭാഷയുടെ വ്യവഹാരരൂപങ്ങൾ കുട്ടി നേരിട്ട് ഒരിക്കൽ കൂടി കാണുകയും വ്യാഖ്യനിക്കുകയും ചെയ്യുന്നതും ഭാഷാ ക്ലാസിൽ ഉപകാരപ്പെടും.

 • ഫോറം-പൂരിപ്പിക്കൽ
 • പ്രൊഫൈൽ
 • അക്കമിട്ടെഴുതിയ വസ്തുതകൾ
 • പട്ടിക (ടയിംടേബിൾ) വ്യാഖ്യാനം
 • നിർദ്ദേശവാക്യം
 • ചിൻഹനം
 • വിവർത്തനം
 • സംക്ഷിപ്തത
 • സമഗ്രത
 • ലഘുവാക്യങ്ങൾ
 • സങ്കീർണ്ണ-മഹാവാക്യങ്ങൾ
 • ഡയടക്ട്-ഇൻഡയറക്റ്റ് വാക്യങ്ങൾ
 • ഓഫീസ് ഭാഷ- സാധാരണ ഭാഷ
 • പരീക്ഷാ സംബന്ധിയായ പദാവലി
 • പദപ്രയോഗ ഭംഗി
 • .

ഇങ്ങനെ നിരവധി കാര്യങ്ങൾ ഭാഷാപരമായി മാത്രമുള്ളവ കുട്ടിയുമായി സംസാരിക്കുമ്പോൾ അവളുടെ ശ്രദ്ധയിൽ പെടുത്താൻ കഴിയും.

ഇതിന്നായി ഞങ്ങൾ ചെയ്തത് 20 കുട്ടികൾ 2 അധ്യാപകർ എന്ന നിലയിൽ ചെറിയ ഗ്രൂപ്പുകളാക്കി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒന്നോ രണ്ടോ പേരും. ഹാൾടിക്കറ്റ്, ഉത്തരമെഴുതാനുള്ള മെയിൻ ആൻസർ ബുക്ക്, അഡീഷനൽ ആൻസർപേപ്പർ എന്നിവയുമായി ഒരു മണിക്കൂറിലധികം സമയം ഒന്നിച്ചിരുന്നു. കുട്ടികളോടൊപ്പം ഹാൾടിക്കറ്റ് വായിക്കൽ, പരിശോധന-(തെറ്റുകൾ) എന്നിവ നടന്നു. ഹാൾടിക്കറ്റുകൾ അധ്യാപകർ പോലും ആദ്യമായിട്ടാണ് പൂർണ്ണമായും വായിക്കുന്നത് എന്നു അനുഭവപ്പെട്ടു.

ഇതു സൂചിപ്പിക്കുന്നത് ഹാൾടിക്കറ്റുകൾ വിതരണം ചെയ്യലല്ല മറിച്ച് അതൊരു പഠനോപകരണമാക്കുകയാണ് ചെയ്യേണ്ടതെന്ന സമാന്യ ധാരണ ഉണ്ടാക്കുകയായിരുന്നു. പുല്ലുപോലും ആയുധമാക്കാനുള്ള വല്ലഭത്വം മാഷക്ക് ഉണ്ടാവട്ടെ.

Written by su_word

May 7, 2011 at 11:12 am

Posted in sujanika

Tagged with , ,

വിദ്യാഭ്യാസം സാമൂഹ്യമാറ്റത്തിന്ന്

with one comment

ആമുഖം:

രാജ്യത്ത് നിലവിലുള്ള  വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നമ്മുടെ ക്ലാസ്മുറികൾ ഇന്നിന്റേയും ആസന്നഭാവിയിലേയും സാമൂഹ്യവികാസത്തിന്ന് കുറെകൂടി അർഥപൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയണം. അധ്യാപകൻ, കുട്ടി, രക്ഷിതാവ്, സമൂഹം എന്നിവക്കൊപ്പം സർക്കാർ, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെയും സംയുക്തമായ രക്ഷാകർത്തൃത്വവും കർമ്മശേഷിയും ഇതിന്നാവശ്യമാകുന്നു. സമൂഹ്യവികാസം എല്ലാവരുടേയും പങ്കാളിത്തത്തോടെയുള്ളതാവുമ്പോഴാണ് മികച്ചതും പ്രായോഗികവും സുസ്ഥിരവും ആയിത്തീരുന്നത്.

സ്ഥിതി-അവലോകനം

കഴിഞ്ഞ ഒരു ദശകത്തിന്നിടയ്ക്ക് അക്കാദമിക്ക് രംഗത്തുണ്ടായ വികാസം അഭിമാനാർഹമാണ്. ഇതിൽ ശ്രദ്ധേയമായവ:

 • കുട്ടികളുടേയും അധ്യാപകരുടേയും ക്ലാസ്‌റൂം പ്രവർത്തനങ്ങളിൽ ഉണ്ടായ മാറ്റം സ്കൂളിന്റെ മുഖഛയതന്നെ മാറ്റിമറിച്ചു
 • അർഥപൂർണ്ണമായ ‘പഠനം’കൊണ്ട് സുസ്ഥിരമായ അറിവ് നേടാൻ സാധിച്ചു
 • പ്രവർത്തനങ്ങളിലൂന്നിയുള്ള പഠനം ക്ലാസ്‌മുറികളെ സജീവമാക്കി
 • ശിശുകേന്ദ്രീകൃതമായ സമീപനം-ക്ലാസ്മുറികളിൽ ഉണ്ടാക്കാൻ ശ്രമിച്ചു
 • ക്ലാസ്മുറികളും സ്കൂളും പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ അനുകൂലമായി നിൽക്കുന്നു
 • ശാസ്ത്രീയവും നിരന്തരം പുതുക്കപ്പെടുന്നതുമായ അറിവ് നിർമ്മാണം നടക്കുന്നു
 • കുട്ടിക്ക് സ്വയം പഠിക്കാനുള്ള ശേഷി രൂപപ്പെടുന്നു
 • നിർഭയമായി കുട്ടിക്ക് ക്ലാസിൽ പ്രവർത്തിക്കാൻ കഴിയുന്നു
 • മൌലികമായ പ്രവർത്തനങ്ങളിൽ കുട്ടിക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും ലഭിക്കുന്നു
 • ഓരോ സ്കൂളിന്നും തനതയ പ്രവർത്തനങ്ങൾക്ക് സാധ്യത നൽകുന്നു
 • .

സ്കൂൾ തലം

നമ്മുടെ സ്കൂൾ ഇപ്പോഴും ഒരു അടഞ്ഞ സ്ഥാപനമാണ്. സ്കൂൾ കോമ്പൌണ്ട്, സ്കൂൾ ക്യാമ്പസ്സ് ,ഓഫീസ്, ക്ലാസ്രൂം, സീറ്റ്, തുടങ്ങിയ വിവക്ഷകൾ ഇതാണ്. ഇപ്പൊഴും നമുക്ക് (സമൂഹത്തിന്നും സർക്കാരിന്നും) സ്കൂൾ എന്നാൽ കെട്ടിടവും മുറികളും തന്നെ. ഇതാകട്ടെ കേവലം അളവുപരമാണ്. 20-20/ 20-12 എന്നൊക്കെ. ദശാബ്ദങ്ങളായി ഇതൊക്കെ ഇങ്ങനെയാണ്. സ്കൂൾ സമയവും ഇതാണവസ്ഥ. സംസ്ഥാനം മുഴുവൻ 10-4 എന്ന സമയക്കണക്കിൽ പൊതുവെ ഒതുങ്ങുന്നു.ശനി, ഞായർ അവധി, രാവിലെ അസംബ്ലി, ഇന്റെർവെൽ, പരീക്ഷ, അച്ചടക്കം,ശിക്ഷ, അഡ്മിഷൻ തുടങ്ങിയ സംഗതികളിലും ഐകരൂപ്യം കാണാം. സ്കൂളിൽ പി.ടി.എ , ലോക്കൽ റിസോർസ് ഗ്രൂപ്പ്, സാമൂഹ്യ സഹായ സംവിധാനങ്ങൾ , കുട്ടികളുടെ പാർലമെന്റ്,സ്പെഷൽഫീ കമ്മറ്റി, എന്നിവയൊക്കെ ഉണ്ടെങ്കിലും കാര്യങ്ങളുടെ അവസാന വാക്ക് ഹെഡ്മാസ്റ്റർ തന്നെ. ക്ലാസ്മുറിയിൽ അധ്യാപകനും. ക്ലാസ് മുറിയിൽ 40-45 മിനുട്ട് എന്തു നടക്കുന്നു എന്നാർക്കും മനസ്സിലാക്കാനാവില്ല. ഹെഡ്മാസ്റ്റർക്ക് മുകളിൽ എ.ഇ.ഓ, ഡി.ഇ.ഒ തുടങ്ങിയ അധികാരകേന്ദ്രങ്ങൾ ഉണ്ടെങ്കിലും അതൊക്കെ നാമമാത്രമായി നിലകൊള്ളുന്നു. ത്രിതല പഞ്ചായത്തുകൾക്ക് വിദ്യാഭ്യാസകാര്യത്തിലുള്ള ശ്രദ്ധ പലപ്പോഴും പ്ലാനിൽ ചെറിയൊരു ഫണ്ട് നീക്കി വെക്കുന്നതിൽ അവസാനിക്കുന്നു.

അക്കാദമിക്ക് തലം

 

സ്കൂൾ അടഞ്ഞാവസ്ഥയാണെങ്കിൽ അക്കാദമിക്ക് തലം തുറന്ന സംവിധാനമാണ്. ഈ വൈരുധ്യം ഏതു നവീകരണത്തേയും കീഴ്മേൽമറിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ നടന്ന നവീകരണങ്ങൾ ഒക്കെ തന്നെ അക്കാദമിക്ക് തലം വളരെ സചേതനവും ആധുനികവുമാക്കിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ, ക്ലാസ്രൂം ട്രാൻസാക്ഷൻ, ക്ലാസ്രൂം പ്രവർത്തനങ്ങൾ, ലാബ് ,ലൈബ്രറി, കളിസ്ഥലം, പൊതു വായനശാലകൾ തുടങ്ങി സാമൂഹ്യസംവിധാനങ്ങൾ ഒക്കെത്തന്നെ വളരെയേറെ ശാസ്ത്രീയമായി പ്രയോഗിക്കപ്പെടാനും പ്രയോജനപ്പെടുത്താനും അലോചിച്ചിട്ടുണ്ട്.

അധ്യാപകർക്ക് തങ്ങളുടെ ശേഷിവർദ്ധിപ്പിക്കുന്നതിന്നായുള്ള നിരന്തര പരിശീലനങ്ങൾ നിലവിലുണ്ട്. പാഠപുസ്തകങ്ങൾ,കൈപ്പുസ്തകങ്ങൾ, മറ്റു സഹായകസാമഗ്രികൾ,പഠനോപകരണങ്ങൾ തയ്യാറാക്കാനുള്ള ചെറിയ സാമ്പത്തിക സഹായം,  കമ്പ്യൂട്ടർ, ലാബ്, ലൈബ്രറി, ഉച്ചഭക്ഷണം, പോഷകാഹാരം, ‘ഒരുക്കം‘ പോലുള്ള പരീക്ഷാ സഹായികൾ, കല-കായിക പ്രവർത്തനങ്ങൾക്കുള്ള സവിശേഷ സംരംഭങ്ങൾ എന്നിവ മികച്ച രീതിയിൽ ലഭിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.

കുറേകൂടി മികവ്-അധിക ഫലപ്രാപ്തി

ഇത്രയും സംവിധാനങ്ങളാണ് നിലവിൽ ഉള്ളത് എന്നത് നല്ലതുതന്നെ. ഉള്ള സംവിധാനങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയലാണ് പ്രധാനം. അതൊക്കെയും ഉപയോഗിക്കാനുള്ള പ്രാപ്തി നേടലും ഉണ്ടാവണം. നന്നായി ഉപയോഗിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും ഇനിയും പ്രയോജനപ്പെടുത്താത്തവരെ അതിന്ന് പ്രേരിപ്പിക്കുകയും കൂടെ വേണം.

നിലവിലുള്ള സംവിധാനങ്ങൾ ശാസ്ത്രീയമായി വിതരണം ചെയ്യപ്പെടണം. എല്ലാവർക്കും എല്ലാം കിട്ടുന്നു എന്നുറപ്പാക്കണം. അധികമാവശ്യമുള്ള ഇടങ്ങളിൽ എത്തിക്കാൻ കഴിയണം. പരസ്പര കൈമാറ്റവും ലഭ്യതയും ഉണ്ടാവണം. ആവശ്യങ്ങൾ ഉടനടി അറിഞ്ഞ് ചെയ്യാൻ വേണ്ട മാനേജ്മെന്റ് രൂപപ്പെടണം.

നന്നായി ഉപയോഗിക്കൽ-അതിന്നുള്ള പ്രാപ്തി നേടൽ

 

 1. 1.   കുട്ടികളുടെ ഭാഗത്ത് നിന്നു നോക്കുമ്പോൾ

കുട്ടി ഇപ്പോഴും നിസ്സഹായാവസ്ഥയിൽ തന്നെ ഇരിക്കുന്നു.

ലഭ്യമായ പഠന സാഹചര്യം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനുള്ള പരിശീലനം കുട്ടിക്ക് നൽകണം.

കുട്ടികൾക്ക് പഠനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള യാതൊരു പരിശീലനവും ഇന്നേവരെ ആരും ആലോചിച്ചിട്ടില്ല.

സ്വന്തം ശേഷിയും അക്കാദമിക്ക് താൽ‌പ്പര്യവും വളർത്തിയെടുക്കാൻ കുട്ടിക്ക് കഴിയണം.അതിന്ന് വേണ്ട പരിശീലനങ്ങൾ വേണം

സ്വന്തം അവകാശങ്ങൾസംബന്ധിച്ച അറിവ് കുട്ടിക്ക് നൽകണം

അധിക പഠനത്തിന്നുള്ള സാഹചര്യം കുട്ടിക്ക് ലഭിക്കണം- കല. കായികം,തൊഴിൽ , ഗവേഷണം തുടങ്ങിയവയിൽ

പഠനോപകരണങ്ങൾക്കുള്ള സഹായം ഇന്നേവരെ കുട്ടിക്കില്ല: ഒരു ഡിക്ഷണറി, ഇൻസ്റ്റ്ട്രുമെന്റ് ബോക്സ്, ഒരു ശാസ്ത്രമാസിക, സ്വന്തം രചന പ്രസിദ്ധീകരിക്കാനുള്ള ഒരു ചാർട്ട് പേപ്പർ, …

കുട്ടിയുടെ സാമൂഹ്യ സാംസ്കാരക വികാരങ്ങൾ പരിഗണിക്കപ്പെടണം. പലപ്പോഴും ഇത് അവഗണിക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്നു എന്നു കാണാം

കരിക്കുലം ട്രാൻസാക്ഷന്റെ ഭിന്ന രീതികൾ പ്രയോജനപ്പെടുത്തണം-ഇന്നത്തെ ഏകതാനത ഇല്ലാതാവണം.

ശിശുകേന്ദ്രീകൃതം- എന്ന വിവക്ഷ പൂർണ്ണമായും പരിഗണിക്കപ്പെടണം

പ്രാദേശികപഠനകേന്ദ്രം,ക്ലാസ്‌സഭകൾ പോലുള്ള സംവിധാനങ്ങൾ പ്രാവർത്തികമാകണം

 

 1. 2.   അധ്യാപകന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ

സർക്കാർ പൊതുവായും ത്രിതലപഞ്ചായത്തുകൾ വഴിയും സ്കൂളുകൾ തനതായും ഒരുക്കുന്ന എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളും നന്നായി പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കലാണ്  പരമപ്രധാനം. ട്രയിനിങ്ങുകളിലും മറ്റു ബോധവത്ക്കരണ പ്രവർത്തനങ്ങളിലും ഇതിന്നായുള്ള ഒരു ഘടകം ഉൾപ്പെടണം. നൂതന സംവിധാനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നതിൽ തുടർച്ച തീരെ ഇല്ല.

പൊതുവെ ട്രയിനിങ്ങുകൾ ചെറിയൊരു ശതമാനം ഫലം പോലും പ്രതീക്ഷിക്കുന്നില്ല എന്നു തോന്നും. ട്രയിനിങ്ങ് ഘടന അതിനനുസരിച്ചുള്ളതാവുകയാണ് .

 • ഒരു ട്രയിനിങ്ങ് ക്ലാസിൽ 20 മുതൽ 100 വരെയാണ് പങ്കാളികൾ
 • മൊത്തം പ്രവർത്തനത്തിൽ അധികവും പഠിപ്പിക്കുന്നവർക്കാണ് . പങ്കെടുക്കുന്നവർക്ക് ഏറ്റവും കുറച്ചും
 • പങ്കാളികളുടെ ആവശ്യം അറിഞ്ഞോ അവരെ സജീവ പങ്കാളിത്തമുള്ളവരാക്കിയോ ഉള്ള പരിശീലനങ്ങൾ വളരെ കുറവ്
 • പരിശീലനപരിപാടി കഴിഞ്ഞിറങ്ങുന്നവർക്ക് യാതൊരു ആവേശവും മിക്കപ്പോഴും ഉണ്ടാകുന്നില്ല. ഔദ്യോഗികസംവിധാനങ്ങളുടെ പങ്ക് തീരെ ഇല്ല.
 • പങ്കാളികൾക്ക് മുന്നൊരുക്കങ്ങൾ യാതൊന്നും മിക്കപ്പൊഴും ഇല്ല
 •  പങ്കാളികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാനുള്ള ഒരു വിധ ആവേശവും ഉണ്ടാകാറില്ല.
 • ധൃതിപിടിച്ച പരിശീലന മുന്നൊരുക്കങ്ങൾ പരിശീലനങ്ങളെ ചടങ്ങുകളാക്കുന്നു
 • .

.

സ്കൂൾ, ക്ലാസ്മുറികൾ, ഓഫ്ഫീസ്, ലാബ്, ലൈബ്രറി…….

 

തുടങ്ങിയവയുടെ പ്രയോജനം 20-30 % മാത്രമാണ്. കുട്ടികൾക്ക് ക്ലാസുള്ള ദിവസം മാത്രമേ ‘സ്കൂൾ’ ഉള്ളൂ. സ്കൂൾ ഒരു സാമൂഹ്യസംവിധാനമാണെന്ന കാര്യം ഏട്ടിലെ പശുവാണ്.

സ്കൂൾ ഓഫീസുകൾ, ടീച്ചേർസ് റൂം തുടങ്ങിയവ മിക്കപ്പോഴും കുട്ടികൾക്ക് ശിക്ഷാകേന്ദ്രങ്ങൾ മാത്രമാണ്.

ലാബ്, ലൈബ്രറി തുടങ്ങിയവയും കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഇടങ്ങളാവുന്നില്ല. പൊതുവേ പ്രവേശനം നിഷേധിക്കപ്പെട്ട ഇടങ്ങളാണിവ.

ക്ലാസ്മുറികൾ ഒരിക്കലും കുട്ടികൾക്ക് പ്രിയപ്പെട്ട ഇടങ്ങളായിട്ടില്ല.

ഇന്റെർവെൽ, അസംബ്ലി തുടങ്ങിയവയും കുട്ടികൾക്ക് പഠനാനുഭവങ്ങൾ നൽകാനോ രസകരങ്ങളോ ആവുന്നില്ല. ഇന്റെർവെല്ലിൽ ഒരു മിനുട്ട് വൈകിയാൽ ക്ലാസിന്നു പുറത്ത് നിൽക്കേണ്ടിവരുന്ന ‘അച്ചടക്കം’ കുട്ടിക്ക് ഗുണം ചെയ്യില്ല

കുട്ടിയുടെ സ്വതന്ത്രമായ പഠനത്തിന്നും അവളാഗ്രഹിക്കുന്ന സഹായത്തിന്നും പലപ്പോഴും ക്ലാസ് മുറികൾക്ക് ഒന്നും ചെയ്യാനാവുന്നില്ല.

ഇരിപ്പിടം തൊട്ടുള്ള സംവിധാനങ്ങൾ എല്ലാം ഒരിക്കലും കുട്ടിക്ക് പഠനൌസ്യുക്യം നൽകുന്നില്ല.

.

.

 

പ്രോത്സാഹനം- പ്രേരണ

ഉള്ള സംവിധാനങ്ങൾ  ഫലപ്രദമായി പ്രയോഗിക്കാനുള്ള തീരുമാനങ്ങൾ ഓരോരുത്തരിലും ഉണ്ടാവണം. ഇതിന്നുവേണ്ട പ്രോത്സാഹനവും പ്രേരണയും ഉണ്ടായേ പറ്റൂ.

 1. 1.   കുട്ടിക്ക്

സ്കൂളും ക്ലാസ്മുറിയും കുട്ടിക്ക് പ്രിയപ്പെട്ടതാകാനുള്ള സാഹചര്യം

ഭിന്ന നിലവാരക്കാരെ ആ മട്ടിൽ പരിഗണിക്കൽ

ശിശുകേന്ദ്രീകൃതമായ ‘അച്ചടക്കം’

പിന്നൊക്കം നിൽക്കുന്നവർക്ക് പ്രത്യേക ഒരുക്കങ്ങൾ

അധികപഠനത്തിന്ന് പ്രേരണ-സാഹചര്യം

‘പരീക്ഷ പഠനത്തിന്റെ തുടർച്ച’ എന്ന അവസ്ഥ

എല്ലാവരിൽ നിന്നും സ്നേഹപൂർണ്ണമയ പെരുമാറ്റം

‘ദിവസം ഒരു പീരിയേഡ്’ കുട്ടിക്ക് സ്വന്തം പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുക

ക്ലബ്ബ് പ്രവർത്തനങ്ങളിലെ അർഥപൂർണ്ണത

 1. 2.   അധ്യാപകന്ന്

കാര്യങ്ങൾ നന്നായി ചെയ്യുന്നവരും ചെയ്യാത്തവരും എല്ലാം ഒരുപോലെയാവുന്ന സ്ഥിതിവിശേഷം എവിടെയും ഉണ്ട്. നന്നായി ചെയ്യുന്നവരെ ഒരിക്കൽ പോലും ആരും പരിഗണിക്കുന്നില്ല

സ്കൂൾ സംവിധാനത്തെ സംബന്ധിച്ച മോണിറ്ററിങ്ങ് ഒരിക്കലും ഫലം കാണുന്നില്ല. ഔദ്യോഗിക സംവിധാനങ്ങളുടെ മോണിറ്ററിങ്ങ് എഴുത്തുകുത്തുകളിൽ മാത്രമാണ്. അനാവശ്യമായ കടലാസുപണികളിൽ എല്ലാം തീരുന്നു

‘മികവ്’പ്രദർശനം പോലുള്ള സംരംഭങ്ങൾ നിരന്തരം ഉണ്ടാകണം. ‘മികവ്’ കേന്ദ്രങ്ങൾ സബ്-ജില്ലാ തലങ്ങളിൽ വേണം.

കാര്യങ്ങൾ നന്നായി ചെയ്യാൻ കഴിയാത്തവരെ പ്രത്യേകം കാണണം. അവർക്കുവേണ്ട കൌൺസലിങ്ങ് അടക്കമുള്ള അധിക പരിശീലനങ്ങൾ നൽകണം

അധ്യാപകരുടെ കാര്യത്തിൽ കുട്ടികളുടെ വിലയിരുത്തലുകൾ പരിഗണിക്കപ്പെടണം

രക്ഷിതാക്കളുടെ , സമൂഹത്തിന്റെ വിലയിരുത്തൽ പരിഗണിക്കപ്പെടണം

പ്രൊഫഷണലിസം വളർത്തണം; ഒപ്പം സാമൂഹ്യവത്ക്കരണവും നടക്കണം

അധ്യാപകന്ന് തന്റെ മേഖലയിൽ പ്രാവീണ്യം ഉണ്ടാക്കിയെടുക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണം. ജില്ലാതലത്തിൽ ഒരു ഗവേഷണകേന്ദ്രം-ഡയറ്റിന്റെ മേൽനോട്ടത്തിൽ ഉണ്ടാവണം.

ഡയറ്റിന്റെ പ്രയോജനം ഓരോ അധ്യാപകനും ലഭിക്കണം-ഇന്നത്തെ അവസ്ഥ മാറണം.

ഐ.ടി പ്രയോജനപ്പെടുത്തണം. അധ്യാപകരും കുട്ടികളും തമ്മിലുള്ള ജില്ലാതല കൂട്ടയ്മകൾ വളരണം.

ഗവേഷണപരമായ കാര്യങ്ങൾക്ക് മുന്തൂക്കം നൽകിയുള്ള ഒന്നായി ‘ഹരിശ്രീ പോർട്ടൽ‘ മാറണം

ജില്ലാതലത്തിൽ (തുടക്കത്തിൽ) അധ്യാപകരുടെ കൂട്ടയ്മ ഒരുക്കാൻ ഐ.ടി., ടീച്ചേർസ് ക്ലബ്ബ്, ക്ലസ്റ്ററുകൾ’, വിവിധ വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ  തുടങ്ങിയവയുടെ സാധ്യത ഉപയോഗപ്പെടുത്തണം.

ത്രിതല പഞ്ചായത്ത്, പിടിഎ എന്നിവയുടേയും വിദ്യാഭ്യാസ ഏജൻസികളുടേയും ഇടപെടലുകൾ വർദ്ധിക്കണം. ക്ലാസ് സഭകൾ ഫലപ്രദമായി നടക്കണം.

.

.

അറിവും സഹായക സംവിധാനങ്ങളും

ശാസ്ത്രീയമായ വിതരണം-ലഭ്യത

 

സ്കൂളുകളുടെ പശ്ചാത്തല സൌകര്യങ്ങളിൽ -ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം ഇല്ലാതാവണം

പഠനസാമഗ്രികളായാലും ഇൻഫ്രാസ്റ്റ്രക്ചർ സംവിധാനങ്ങളായാലും എല്ലാ സ്കൂളുകൾക്കും എല്ലാം ലഭിക്കുന്ന അവസ്ഥ ഉണ്ടാവണം. സർക്കാർ, ത്രിതലപഞ്ചായത്തുകൾ, മാനേജർ, മറ്റു സാമൂഹ്യഘടകങ്ങൾ എന്നിവയുടെ ഒത്തൊരുമ ബോധപൂർവം നിർമ്മിക്കണം

അവശ്യസാധനങ്ങൾ എല്ലാ കുട്ടിക്കും അധ്യാപകനും കിട്ടിയെന്നുറപ്പുവരുത്തണം

വിതരണത്തിലെ അശാസ്ത്രീയമായ ചുകപ്പുനാടകൾ , കാലതാമസം എന്നിവ ഉണ്ടാകരുത്

വിഭവങ്ങളുടെ ശാസ്ത്രീയമായ വിതരണം. ഒരു സ്കൂളിന്ന് വീണ്ടും വീണ്ടും ഫണ്ട്; തൊട്ടടുത്ത സ്കൂളിൽ ദാരിദ്ര്യം എന്ന അവസ്ഥ പാടില്ല

മികച്ച അനുഭവങ്ങൾ -മികച്ച അധ്യാപകർ, മികച്ചകുട്ടികൾ എന്നിവയൊക്കെ എല്ലാർക്കും ലഭ്യമാകണം.

ലഭിച്ച സാധനങ്ങൾ പ്രയോജനപ്പെടുത്തിയെന്നുറപ്പാക്കാനുള്ള മോണിറ്ററിങ്ങ് ഉണ്ടാവണം. പരസ്പരം (വ്യക്തിപരമായി,സ്ഥാപനപരമായി) കൈമാറാനും ഉപയോഗിക്കാനും കഴിയണം

സബ്ജില്ല കേന്ദ്രീകരിച്ച് എല്ലാ അർഥത്തിലും റിസോർസ് കേന്ദ്രങ്ങൾ വേണം.

അധ്യാപകർക്കുള്ള ക്ലബ്ബുകൾ-കൂട്ടായ്മകൾ സബ്ജില്ലാ തലത്തിൽ ഉണ്ടാവണം.

ഐ.ടി. തുടങ്ങിയ സംവിധാനങ്ങൾ എല്ലാർക്കും ലഭ്യമാക്കണം.

രക്ഷിതാക്കളുടെ പങ്ക്

രക്ഷിതാക്കളുടെ പങ്ക് ഇപ്പൊഴും പൂർണ്ണമായി വിനിയോഗിക്കാനായിട്ടില്ല. സാമ്പത്തികത്തിന്നപ്പുറം കുട്ടികൾക്ക് വേണ്ട സഹായം നൽകാൻ രക്ഷിതാക്കളെ ഇനിയും സജ്ജരാക്കിയിട്ടില്ല.

 • രക്ഷിതാവ് 90%വും ഇപ്പൊഴും സ്കൂൾ സംവിധാനത്തിന്ന് പുറത്ത് നിൽക്കുന്നു
 • തന്റെ കുട്ടിയെ പറഞ്ഞയക്കാനുള്ള ഒരു സംവിധാനം മാത്രമാകുന്നു ഇപ്പോഴും സ്കൂൾ
 • കുട്ടിയുടെ പഠനം കഴിയുന്നതോടെ രക്ഷിതാവും സ്കൂളിന്ന് പുറത്തവുന്നു
 • കുട്ടിയുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക്-വലിയ ചർച്ചാ വിഷയമാണെങ്കിലും ഇക്കാര്യത്തിൽ സാർഥകമായി ഒന്നും നടക്കുന്നില്ല
 •  സ്കൂൾ ഇന്നും മാഷമ്മാരുടെതാ‍ണ്- കുട്ടികളുടേയോ സമൂഹത്തിന്റേയോ ആയിട്ടില്ല
 • സ്കൂൾ രക്ഷിതാവിന്റേതുകൂടിയാവണം.’എന്റെ കുട്ടിയുടെ സ്കൂൾ-എന്റെ സ്കൂൾ’ എന്ന വികാരം ഉണ്ടാവണം
 • പഠനപ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ നേരിട്ടുള്ള സഹായം ഉണ്ടാവണം
 • രക്ഷാകർത്തൃശാക്തീകരണം സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു അജണ്ടയാവണം
 • സ്കൂൾ ലാബ്, ലൈബ്രറി തുടങ്ങിയവ രക്ഷിതാക്കൾക്ക് പ്രയോജനപ്പെടണം. ഇവയുടെ പ്രയോജനത്തിലും പരിപാലനത്തിലും രക്ഷിതാക്കൾ ഉണ്ടാവണം

അധികാവശ്യങ്ങൾ നിറവേറ്റൽ

 

 1. 1.   കുട്ടിക്ക്

 

തൊഴിൽ, ഗവേഷണം, സർഗ്ഗത്മകത തുടങ്ങിയവക്കുള്ള സാഹചര്യങ്ങൾ ഓരോ സ്കൂൾ കേന്ദ്രീകരിച്ചു ഉണ്ടാവണം

പഠാനാവശ്യങ്ങൾ കണക്കിലെടുത്ത് ധനസഹായം പോലും കുട്ടിക്കും അധ്യാപകനും ലഭിക്കണം.ഇന്നത്തെ സ്കോളർഷിപ്പുകൾ പുനരവലോകനം ചെയ്ത് നവീകരിക്കണം. അർഹതപ്പെട്ടവർക്ക് സഹായം കിട്ടണം

 

 1. 2.   അധ്യാപകന്ന്

തന്റെ തൊഴിലിൽ മികവ് നേടാൻ വേണ്ട സഹായം നിരുപാധികമായി ലഭ്യമാക്കണം

അനുഭവങ്ങൾ പങ്കുവെക്കാനും സ്വാംശീകരിക്കാനും വേണ്ട വേദികൾ ഉണ്ടാവണം

ഔദ്യാഗികമായ കാര്യങ്ങളിലെ പരാതിപരിഹാര സെല്ലുകൾ സാമൂഹ്യമായി ഉണ്ടാവണം

 

 1. 3.   സമൂഹത്തിന്ന്

സാമൂഹ്യമായ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ സ്കൂളുകൾ പര്യാപ്തമാകണം

ജില്ലയിലെ എല്ലാ സ്കൂളുകളിലെയും മികവുകൾ എല്ലാ സ്കൂളുകൾക്കും ലഭ്യമാകണം

സാമൂഹ്യമായ മേൽനോട്ടത്തോടൊപ്പം സ്കൂളാവശ്യങ്ങൾ പൂർത്തീകരിക്കാനും കൂടി സമൂഹത്തിന്ന് കഴിയണം

ഇത്രയുമാകുന്നതോടെ നിലവിലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നു എന്നു മാത്രമേ ആകുന്നുള്ളൂ . ഇതിൽ നിന്നുവേണം ഇനിയും ഒരുപാട് മുന്നോട്ട് നീങ്ങാൻ. സ്വന്തം സാമൂഹികാവസ്ഥ തിരിച്ചറിയാനും കൂടുതൽ മികവാർന്ന ഒരു സമൂഹത്തെ സ്വപ്നം കാണാനും അതിലേക്കെത്താനുള്ള തടസ്സങ്ങൾ മറികടക്കാനും വിദ്യാഭ്യാസം കൊണ്ടാവണം. പുതിയൊരു ലോകം ‘നാളത്തെ പൌരന്ന്’ നിർമ്മിക്കാനാവണം. അത് തീർച്ചയായും സാധിക്കുന്നത് ഇതിനെക്കാളുമൊക്കെ വലിയ മാറ്റങ്ങൾ സ്വപ്നം കണ്ടുകൊണ്ടാവണം. ഇതൊക്കെ സാധിച്ചെടുക്കാനുള്ള ജ്ഞാനബലം നിർമ്മിക്കപ്പെടുന്നത് ക്ലാസ്‌മുറികളിൽ നിന്നു കൂടിയാണല്ലോ.

Written by su_word

May 7, 2011 at 11:10 am

Posted in sujanika

Tagged with ,

പരീക്ഷ-അന്യായങ്ങൾ

leave a comment »

പഠനത്തിലും തുടർന്ന് പരീക്ഷയിലും സംഭവിക്കുന്ന ‘അന്യായങ്ങൾ’  ഒരിക്കലും ചർചക്ക് വരാറില്ല. അന്തരിച്ച പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ സി.ജി.ശാന്തകുമാറിന്റെ ഒരു ഉപമ കടമെടുത്താൽ ‘ഹെലികോപ്ടർകൊണ്ട് റബ്ബറിന്ന് മരുന്നടിക്കുന്നപോലെ’ ആണ് പഠനവും പരീക്ഷയും.

200 ദിവസം സാദ്ധ്യായദിവസങ്ങൾ. ഒഴിവ് ദിവസങ്ങളിൽ അധിക പഠനം. ഒരേ ടെക്സ്റ്റ് പുസ്തകം. ഒരേ കൈപ്പുസ്തകം-ടീച്ചർക്ക്. ഒരേ പരിശീലന മോഡ്യൂൾ. ഒരേ പോലെ ക്ലസ്റ്റർ.ഒരേ ‘ഒരുക്കം’. 10 മുതൽ 4 വരെ ഒരേബെല്ലടി.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ഒരേപോലെ പഠനപ്രവർത്തനങ്ങൾ നടക്കുന്നു-നടക്കണം എന്നാണ് സർക്കാർ സങ്കൽ‌പ്പം. നിർദ്ദേശിക്കപ്പെട്ട എല്ലാ പ്രവർത്തനാനുഭവങ്ങളും എല്ലാ കുട്ടിക്കും ലഭിക്കണം. അങ്ങനെ ലഭിച്ചുകഴിയുമ്പോഴാണ് പരീക്ഷ. അതിന്ന് വേണ്ടത്ര സമയം ഉണ്ട്. സൌകര്യങ്ങളും ഉണ്ട്. സർക്കാരും ത്രിതലപഞ്ചായത്തുകളും രക്ഷിതാക്കളും നാട്ടുകാരും എല്ലം ഒത്തൊരുമിച്ച് നിൽക്കുന്നു. വേണ്ട എല്ലാ നിർദ്ദേശങ്ങളും സഹായങ്ങളും സർക്കാർ ചെയ്യുന്നു.

പരീക്ഷയിൽ ജയിക്കാൻ വളരെ മിനിമം കാര്യങ്ങളേ വേണ്ടൂ എന്നത് എല്ലാർക്കും അറിയാം. D+ കിട്ടാൻ (കുട്ടിക്ക്)-നൽകാൻ (അധ്യാപികക്ക്) വലിയ മലയൊന്നും മറിക്കേണ്ടതില്ല. എന്നാൽ A യും A+ഉം അത്ര എളുപ്പവുമല്ല. ഇവിടെയാണ് ‘അന്യായം’ ചർച്ചചെയ്യപ്പെടേണ്ടത്.

ഉയർന്ന നിലവാരമുള്ള വിജയം ഉയരാൻ നിലവാരമുള്ള ക്ലാസ്മുറികളും പഠനപ്രവർത്തനങ്ങളും ആവശ്യപ്പെടുന്നുണ്ട്. കുട്ടി എത്ര ശ്രമിച്ചാലും ഇതു സ്വയമേവ സാധ്യമല്ല. ക്ലാസ്മുറികളും പഠനപ്രവർത്തനങ്ങളും ഒരിക്കലും കുട്ടിയുടെ നിയന്ത്രണത്തിലല്ലല്ലോ. സ്കൂളിന്റെ പൊതുവേയും അധ്യാപികയുടേയും ‘പ്രാപ്തി’ ഇതിൽ ഘടകമാണ്. നോക്കൂ:

ഈ ഒരു പ്രവർത്തനം അതിന്റെ പൂർണ്ണരൂപത്തിൽ ഒരു അധ്യാപിക ഒരു ക്ലാസിൽ ചെയ്യാൻ വിട്ടുപോയെന്നിരിക്കട്ടെ. ഫലം (ഇതു മായി ബന്ധപ്പെട്ട ചോദ്യം പരീക്ഷക്കു വന്നാൽ) കുട്ടിക്ക് സ്കോർ കുറയും. ഇതേപോലെ, ഗണിതം, കെമിസ്റ്റ്ട്രി തുടങ്ങിയ വിഷയങ്ങളിലും വരാം. പത്രാധിപക്കുറിപ്പ് എന്ന വ്യവഹാരം ക്ലാസിൽ ചെയ്യാൻ ‘മറന്നു‘പോയാലും ഇതുതന്നെ സംഭവിക്കും. പോർഷ്യൻ തീർക്കുന്ന തിരക്കുകൾ ഇതൊക്കെയും സംഭവിപ്പിക്കാം!

മറ്റൊന്ന്, അധ്യാപികയുടെ അറിവും ധാരണകളും (അതു തെറ്റാണെങ്കിൽ പറയുകയും വേണ്ട) കുട്ടിക്ക് സ്കോർ കുറയ്ക്കും. ‘കുട്ടികൾ കുറിയ്ക്കുന്ന പ്രശ്നങ്ങൾ ബന്ധപ്പെട്ട മേഖലകളിലേതാണെന്ന് ഉരപ്പുവരുത്തേണ്ടതാണ്’ എന്ന നിർദ്ദേശം പാലിക്കാൻ അധ്യാപികയുടെ അറിവും അധിക അറിവും തന്നെ വേണ്ടേ? സബ്ജക്ട് കൌൺസിലുകൾ, ക്ലസ്റ്റർ സാന്നിധ്യങ്ങൾ എന്നിവ കുറവായ സാഹചര്യങ്ങളിലോ? ഇതൊക്കെയും ആത്യന്തികമായി കുട്ടിയുടെ A യും A+ഉം ഇല്ലാതാക്കില്ലേ? അധ്യാപിക എന്ന ഘടകത്തിന്റെ ‘പ്രാപ്തിയും’ ധാർമ്മികബോധവും ഒക്കെ തന്നെ കുട്ടിയുടെ വിജയം നിർണ്ണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

Written by su_word

May 7, 2011 at 11:08 am

Posted in sujanika

Tagged with , ,

കുട്ടികൾക്കും പരിശീലനം വേണം

leave a comment »

പുതിയ പാഠ്യപദ്ധതി ആരംഭിച്ചിട്ട് ഇന്നേവരെ നമുക്ക് അധ്യാപകശാക്തീകരണത്തെ കുറിച്ചും രക്ഷാകർതൃശാക്തീകരണത്തെ കുറിച്ചും മാത്രമേ അലോചനകളും പ്രവർത്തനങ്ങളും ഉണ്ടായുള്ളൂ. കഴിഞ്ഞകാല അനുഭവങ്ങൾ വെച്ച് കുട്ടികളുടെ ശാക്തീകരണത്തെ സംബന്ധിച്ചും ചില പ്രവർത്തനങ്ങൾ എറ്റെടുക്കാൻ കാലമായെന്ന് തോന്നുകയാണ്.
നമ്മുടെ കുട്ടികൾ
ഈ ഘട്ടത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളെ കുറിച്ചാണ് അധികാനുഭവങ്ങൾ ഉള്ളത്. പുതിയ പാഠ്യപദ്ധതിയിൽ കൂടി കടന്നുവന്നവരാണിവർ. ചെറിയ ക്ലാസുകളിൽ കൂടി കടന്നുപോന്ന ഒരു പാടനുഭവങ്ങൾ ഇവർക്കുണ്ട്. പ്രോജക്ടുകൾ, അസൈന്മെന്റുകൾ, സെമിനാർ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ഫീൽഡ്ട്രിപ്പുകൾ….തുടങ്ങി നിരവധി. സ്വാഭാവികമായും ചെറിയ ക്ലാസുകളിൽ ഇവരെല്ലാം ഈ അനുഭവങ്ങളിലൂടെ കടന്നുപോരികയായിരുന്നു. അതിലെ സുഖങ്ങളും ദുഖങ്ങളും അവർക്കറിയാം. എന്നാൽ ഇങ്ങനെയുള്ള ‘കടന്നുപോരൽ’ മുതിർന്ന ക്ലാസുകളിൽ അർഥപൂർണ്ണമാവണമെങ്കിൽ അതിലെ തത്വശാസ്ത്രവും ചിന്തയും മനസ്സിലാക്കേണ്ടതുണ്ട്. രീതിശാസ്ത്രങ്ങളുടെ ഉള്ളുകള്ളികൾ ഉൾക്കൊള്ളേന്റതുണ്ട്.
ഇപ്പോൾ നമ്മുടെ മുതിർന്ന ക്ലാസുകളിൽ (8 മുതൽ) ഇരിക്കുന്ന ഒരു കുട്ടിയുടെ മനോഭാവം എന്താണ്? സ്കൂളിലേക്ക് കുട്ടിയെ പറഞ്ഞയക്കുന്ന രക്ഷിതാവിന്റെ മനസ്സിൽ എന്താണ്? കുട്ടിയെ പഠിപ്പിക്കാൻ എത്തുന്ന മാഷിന്റെ മനസ്സിലൊ? സ്കൂൾ പി.ടി.എ, മാനേജർ, വിദ്യാഭ്യാസ അധികാരികൾ എന്നിവരുടെ യൊക്കെ മനസ്സിലോ? സമൂഹത്തിന്റെ ആഗ്രഹങ്ങളോ?സർക്കാറിന്റെ പ്രതീക്ഷകളോ?
കുട്ടിയുടെ വിചാരങ്ങൾ
ഇപ്പോൾ ഹൈസ്കൂളിൽ എത്തി. ഇതേവരെ പഠിച്ചതിനേക്കാളൊക്കെ ഒരുപാട് സംഗതികൾ അധികം പഠിക്കാനുണ്ട്.
പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും ഒക്കെ മുമ്പത്തേക്കാൾ അധികം ഉണ്ട്.
വലിയ ക്ലാസായതുകൊണ്ട് കുറേകൂടി കാര്യഗൌരവം കാണിക്കണം. 10ഇൽ പൊതു പരീക്ഷയാണ്. ഇപ്പൊഴേ തുടങ്ങിയാലേ ഫുൾ എ+ കിട്ടൂ.
പഠിക്കാനുള്ള കാര്യങ്ങളിലൊക്കെ മാഷമ്മാർ വേണ്ടതൊക്കെ സഹായമായി തരും.
പഠിക്കാൻ പറയുന്ന- ചെയ്യാൻ പറയുന്ന സംഗതികളൊക്കെ പറഞ്ഞ സമയത്തിന്നുള്ളിൽ തന്നെ ചെയ്തെങ്കിലേ കാര്യങ്ങൾ നേരെയാവൂ.
പ്രോജക്ട്, അസൈന്മെന്റ് തുടങ്ങിയവയൊക്കെ ചെറിയക്ലാസുകളിലേതിനേക്കാൾ നന്നായി ചെയ്യേണ്ടിവരും. നന്നായി അധ്വാനിക്കേണ്ടിവരും.
ക്ലാസ് ടെസ്റ്റ്, പരീക്ഷകൾ എന്നിവ കുറേകൂടി നന്നായി ചെയ്യേണ്ടിവരും. എന്നാലേ മികവ് പുലർത്താനാവൂ.
അധികസമയം പഠനത്തിന്നായി നീക്കിവെക്കേണ്ടിവരും.
വീട്ടിൽ ചെന്നാൽ പഠിക്കാനുള്ള എല്ലാ സൌകര്യവും ഉണ്ട് / ഇനിയും ഒരുപാട് സൌകര്യം ഉണ്ടാക്കണം/ ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല
മാത്രമല്ല;
കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്തു / കുറച്ചുമാത്രം പ്രവർത്തനങ്ങൾ ചെയ്തു/ പലപ്പോഴും ഒന്നും ചെയ്തില്ല
കഴിഞ്ഞ വർഷങ്ങളിൽ പഠിച്ചതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട് / കുറെയൊക്കെ മനസ്സിലായിട്ടുണ്ട് / വേണ്ടത്ര മനസ്സിലായിട്ടില്ല
ചില വിഷയങ്ങൾ നന്നായി മനസ്സിലായിട്ടുണ്ട്/ ചിലത് ഒന്നും മനസ്സിലായിട്ടില്ല/
ചില വിഷയങ്ങളിൽ നല്ല ആത്മവിശ്വാസം ഉണ്ട്/ ചില വിഷയങ്ങളിലെ പേടി ഇപ്പൊഴും മാറിയിട്ടില്ല.
ചിലർ നല്ല മാഷമ്മാരായിരുന്നു-നല്ല ഇഷ്ടമായിരുന്നു / ചിലർ മോശം മാഷമ്മാരായിരുന്നു-പേടിയായിരുന്നു / ചിലർ ഒരക്ഷരം പോലും പഠിപ്പിച്ചില്ല-ഒരു വർക്കും ചെയ്യിച്ചിട്ടില്ല.
ചില സാമാന്യ ചിന്തകൾ ഇങ്ങനെയൊക്കെയാണ്. സവിശേഷ ചിന്തകളും ഉണ്ടാവും. ഇതൊക്കെ വിടെയെങ്കിലും ഔദ്യോഗികമായി ചർച്ചക്കുവരുന്നുണ്ടോ എന്നതാണ് പ്രശനം. കുട്ടിയുടെ സങ്കൽ‌പ്പങ്ങളും വേവലാതികളും കാര്യമായി എവിടെയും പരിഗണിക്കപ്പെടാറില്ല. പരിഹാരമുണ്ടാക്കേണ്ടവർ അവരുടെ സാഹചര്യങ്ങൾ-സാധ്യതകൾ ക്കപ്പുറമുള്ളവയെ ഒരികലും പരിഗണിക്കാറില്ലല്ലോ. ശിശുകേന്ദ്രീകൃതമെന്നൊക്കെ പറയുമെങ്കിലും കുട്ടിയെ അറിഞ്ഞുള്ള പ്രവർത്തനങ്ങൾ മറ്റൊരുതരത്തിലാണ്.(കുട്ടിയുടെ പ്രകൃതം നമുക്കറിയാം. എന്നാൽ കുട്ടിയുടെ യഥാർഥ പ്രശ്നങ്ങളും ആവശ്യങ്ങളും കാര്യത്തിലെടുക്കാറുമില്ലല്ലോ.കൊല്ലത്തിലൊരിക്കൽ നടത്തുന്ന ഒരു കൌൺസിലിങ്ങിൽ എല്ലാം ഒതുങ്ങുന്നു. ) കുട്ടിയുമായി ഒരു സംവാദം ഇന്നേവരെ അർഥപൂർണ്ണമായി ഉണ്ടായിട്ടില്ല.ഇതിന്നൊരു പരിഹാരം കാണാൻ സമയം ഇനിയും നാം വൈകിച്ചുകൂടാ.
കുട്ടിക്കും വേണം പരിശീലനം
നന്നായി പഠിപ്പിക്കാൻ അധ്യാപകന്ന് പരിശീലനത്തിന്നൊരു കുറവുമില്ല. അതു നല്ലതു തന്നെ. പരിശീലനങ്ങളും ക്ലസ്റ്ററുകളും ഒക്കെ കുട്ടിക്കും ആവശ്യമെന്ന് ക്ലാസ്രൂം യാഥാർഥ്യം നമ്മെ ബോധ്യപ്പെടുത്തുന്നു.നന്നായി പഠിക്കാനുള്ള ശാസ്ത്രീയവഴികൾ കുട്ടിയെ ബോധ്യപ്പെടുത്താനുള്ള പരിശീലനങ്ങൾ അത്യാവശ്യമാകുന്നു. കുട്ടിയുടെ വിചാരങ്ങൾ ചിട്ടപ്പെടുത്താനും വളർച്ചയിലേക്ക് നയിക്കാനും പാകത്തിൽ രൂപീക്കരിക്കാൻ അവരെ സഹായിക്കുന്ന പരിശീലനങ്ങൾ.
അധ്യയനവർഷത്തിൽ രണ്ടു സ്പെല്ലിലായി മുഴുവൻ കുട്ടികൾക്കും ഈ പരിശീലനം നൽകണം. ടേമിലൊരിക്കൽ കുട്ടികളുടെ ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിക്കണം. ഡയറ്റിലേയും ബി.ആർ.സി യിലെയും വിദഗ്ദ്ധർ ഇതിൽ സഹായത്തിനായി എത്തണം.
പരിശീലനം:
ഒരു പ്രത്യേക കാലയളവിൽ- രണ്ടു പരിശീലനങ്ങൾക്കിടക്ക്
എന്തൊക്കെ പഠിക്കാനുണ്ട്- ടാസ്ക് ഫിക്സിങ്ങ്
എങ്ങനെയാണ് ശാസ്ത്രീയമായി പഠിക്കുക-ക്രമീകരണം
എന്താണ് പഠനം
എന്തൊക്കെയാണ് പഠന തന്ത്രങ്ങൾ/ രീതികൾ
സ്വയം മോണിറ്ററിങ്ങ് എങ്ങനെ
പരിഹാര പഠനം
അധ്യാപകന്റെ റോൾ
കുട്ടിയുടെ ചുമതല-അവകാശം
മൂല്യനിർണ്ണയനം എങ്ങനെ-തന്ത്രങ്ങൾ/ രീതികൾ
വിദ്യാർഥി ക്ലസ്റ്ററുകൾ:
വിവിധ വിഷയങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കൽ
അധിക അറിവുകൾ / അധിക പഠനവിഭവങ്ങൾ കൈമാറൽ
മോണിറ്ററിങ്ങ് – അനുഭവങ്ങൾ
സെമിനാറുകൾ / വിദഗ്ദ്ധരുടെ ക്ലാസുകൾ
ക്ലാസ്രൂം സാധ്യതകൾ/ പരിമിതികൾ മറികടക്കൽ-അന്വേഷണം
കുട്ടികളുടെ കാര്യം കുറേകൂടി പരിഗണിക്കാൻ നമുക്ക് കഴിയണം. ക്ലാ സ് സഭകൾ, കുട്ടിയുടെ അവകാശങ്ങൾ….തുടങ്ങിയ സംഗതികളിൽ കുറേകൂടി കുട്ടിക്കും ഇടപെടാനുള്ള ശേഷി ഉണ്ടാക്കേണ്ടിയിരിക്കുന്നു.

Written by su_word

May 6, 2011 at 7:37 pm

Posted in sujanika

Tagged with , ,